കേരളീയ ക്ഷേത്രങ്ങളില്‍ വിവിധ പൂജാ സമയങ്ങളില്‍ ക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ നിന്നും പുറത്തേയ്ക്കു വരുന്ന ആദ്യത്തെ പടവുകള്‍ക്ക് (ഈ പടവുകളെയാണ് സോപാനം എന്നുവിളിയ്ക്കുന്നത്) സമീപത്തു നിന്ന് പാട്ടു പാടുന്നതിനെയാണ് സോപാനസംഗീതം എന്നു പറഞ്ഞു വരുന്നത്. ക്ഷേത്രത്തില്‍പ്രതിഷ്ഠിച്ച (സങ്കല്‍പിച്ച) മൂര്‍ത്തിയെ സ്തുതിയ്ക്കുന്ന ദേവീ ദേവഗീതങ്ങളാണ് പാടുന്നസാഹിത്യം. സംസ്കൃതം, മലയാളം, തമിഴ്, മണിവ്രാളം എന്നീഭാഷകളിലുള്ള പാട്ടുകള്‍പാടും. പാടുന്നവരോ, ക്ഷേത്രത്തലെയോ, പരിസരത്തേയോ, സാഹിത്യവാസനയുള്ളവരോ, എഴുതിയുണ്ടാക്കിയ പാട്ടുകളാണ് ഇങ്ങനെപാടുന്നത്. അതാതുപ്രദേശത്തെ ക്ഷേത്രബാഹ്യമായവരുടെ വിവിധ ഗ്രാമീണ ഗാനങ്ങളുടെ ആലാപന ശൈലിയില്‍നിന്നും കേട്ടുശീലിച്ച ഈണങ്ങളുടെമിശ്രണമാണ് ഓരോപ്രദേശത്തേയും ഗായകരുടെ രാഗസ്വഭാവം. (ഈ ഗാന ശാഖയെക്കുറിച്ചുള്ള ഭിന്നാഭിപ്രായങ്ങള്‍ മുഴുവന്‍ കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച ‘കേരളസംഗീതം കേട്ടതും കേള്‍ക്കേണ്ടതും’ എന്ന പുസ്തകത്തിലുണ്ട്) കേരളത്തില്‍ താന്ത്രികവിധിയനുസരിച്ച് പൂജകള്‍ നടത്തുന്ന ക്ഷേത്രങ്ങള്‍ എന്നാണോ ഉണ്ടായത് അത്രയും കാലത്തെ പഴക്കമാണു സോപാനസംഗീതത്തിനുള്ളത്. കര്‍ണാടകസംഗീതം ഇവിടെ പ്രചരിയ്ക്കും മുമ്പാണത് എന്നതാണ് ശ്രദ്ധേയം. താന്ത്രിക വിധിയനുസരിച്ചുള്ള ക്ഷേത്ര ചടങ്ങുകള്‍ക്കു മുമ്പും ഇത്തരമൊരു കൊട്ടിപ്പാടല്‍ ഇപ്രദേശത്തെ ആരാധനയുടെ ഭാഗമായി ഉണ്ടായിരുന്നു എന്നുവിശ്വസിച്ചേ മതിയാകൂ. ഭാരതത്തില്‍ മൊത്തത്തില്‍ ബ്രാഹ്മണര്‍ എങ്ങനെ ഉണ്ടായി എന്നു ഇവിടെ പറയാന്‍ കഴിയില്ലെങ്കിലും കേരളത്തില്‍ ബ്രാഹ്മണര്‍ പുറമേ നിന്നു വന്നവരാണെന്ന കാര്യത്തില്‍ സംശയിയ്ക്കേണ്ടതില്ല. അവരുടെ വരവിന്റെ കാലമാണ് ക്ഷേത്രം, സോപാനം എന്നിവയുടെ കാലം എന്നു കണക്കാക്കിയാല്‍ ഏതാണ്ട് ശരിയാകാം. ഇത് ഏതാണ്ട് 8ാം നൂറ്റാണ്ടിലാണ്.
ഇടയ്ക്ക എന്ന വാദ്യം കൊട്ടിയാണ് ക്ഷേത്രനടയില്‍ നിന്നു പാടുന്നത്. അതിനാല്‍ കൊട്ടിപ്പാടിസേവ എന്നും പേരുണ്ട്. ‘ഢക്ക’ എന്ന സംസ്കൃതപദം പ്രയോഗവ്യത്യാസത്താല്‍ (സ്വരസംവൃതം എന്ന ഭാഷാന്യായത്തിലൂടെ) ഇടയ്ക്ക എന്നായി മാറിയതാണ്. കേരളത്തില്‍ സംസ്കൃതത്തിനു പ്രചാരം വരും മുമ്പ് തുടി എന്നറിയപ്പെട്ടിരുന്ന ഗോത്രവര്‍ഗവാദ്യത്തിന്റെ, വികസിതവും അലങ്കാരങ്ങള്‍ ചേര്‍ന്നതുമായ രൂപം മാത്രമാണ് ഇടയ്ക്കയുടേത്. ഒറീസയിലെ പുരിയ്ക്കടുത്ത് കേന്ദുളി ഗ്രാമത്തില്‍ ജനിച്ച ജയദേവകവി സംസ്കൃതത്തിലെഴുതിയ 24 പാട്ടുകളുടെ സമാഹാരമായ ‘ഗീതഗോവിന്ദ’ത്തിനാണ് അഷ്ടപദി എന്നു പൊതുവെ പറയുന്നത്. ജയദേവകവിയുടെ ശിഷ്യനായിരുന്ന ചൈതന്യമഹാപ്രഭുവും കൂട്ടരും ഈ അഷ്ടപദിഗാനങ്ങള്‍ ഭാരതംമുഴുവന്‍ പാടിനടന്ന കൂട്ടത്തില്‍ 12/14 നൂറ്റാണ്ടുകാലത്ത് കേരളപ്രദേശത്തുവന്നെന്നും അവരിലൂടെ കേരളത്തിലെ കൊട്ടിപ്പാടിസേവക്കാര്‍ അവ കേട്ടു പഠിച്ച് ക്ഷേത്ര നടയിലെ ഗാനാവതരണത്തില്‍ ഉള്‍പ്പെടുത്തിയതാണെന്നും ജീവിച്ചിരിയ്ക്കുന്ന പല ആചാര്യന്‍മാരും വിശ്വസിയ്ക്കുന്നു. ഗീതഗോവിന്ദം കേരളത്തിലെ ക്ഷേത്രങ്ങളില്‍ പാടാനായി ഉണ്ടാക്കിയതല്ല എന്നര്‍ഥം. ദേവന്/ദേവിയ്ക്ക് നിവേദ്യം അര്‍പ്പിയ്ക്കുന്ന ചടങ്ങു കഴിഞ്ഞാലുടന്‍ അതിന്റെ ഉച്ഛിഷ്ടം പുറത്തേയ്ക്കുവെച്ച് ശുദ്ധമാക്കിയിട്ട് നടയടച്ചൊരു പൂജയുണ്ട്. അതിനാണ് പ്രസന്ന പൂജ എന്നുപറയുന്നത്. ആ സമയത്ത് നടയടച്ചു തുറക്കും വരേയും ദീപാരാധനയ്ക്കായി നടയടച്ചു തുറക്കും വരേയും ഉല്‍സവകാലങ്ങളില്‍ ദേവനെ/ദേവിയെ പള്ളിക്കുറുപ്പാക്കാനും അടുത്ത ദിവസം രാവിലെ പള്ളിക്കുറുപ്പുണര്‍ത്താനും മറ്റുമാണ് ഒരു ക്ഷേത്രത്തില്‍ സാധാരണയായി കൊട്ടിപ്പാടുന്നത്. വള്ളുവനാടന്‍ ക്ഷേത്രങ്ങളില്‍ നടക്കുന്ന കളമെഴുത്ത് പൂജയിലും കൊട്ടിപ്പാടുക പതിവുണ്ട്. ആധുനിക കാലത്ത് സോപാനസംഗീതം എന്ന ആലാപനസമ്പ്രദായം പുറം വേദികളില്‍ അവതരിപ്പിയ്ക്കുന്നതിനാല്‍ അതിനെ കൊട്ടിപ്പാടല്‍ എന്നു മാത്രമേ വിളിയ്ക്കാനാവൂ. കൊട്ടാനും പാടാനുമറിയാവുന്നവരും മദ്യ മല്‍സ്യ മാംസാദികള്‍ ഉപയോഗിയ്ക്കാത്തവരും ദേഹശുദ്ധിയുള്ളവരും സ്ത്രീപുരുഷ ഭേദമന്യെേയുള്ളവരുമായ ആര്‍ക്കും ക്ഷേത്ര നടയില്‍കൊട്ടിപ്പാടാം. ഇടയ്ക്ക കൊട്ടിക്കൊണ്ട് ക്ഷേത്ര നടയില്‍ പാടുമ്പോള്‍ ആ ക്ഷേത്രത്തിലെ പ്രതിഷ്ഠയെക്കുറിച്ചുള്ള ഗീതങ്ങളാണ് പാടേണ്ടത്. എന്നാല്‍ മറ്റെല്ലാ ഇടങ്ങളിലും, മനുഷ്യമനസിനെ പ്രത്യേക അവസ്ഥയില്‍ ക്രിയാത്മകവും ഗുണാത്മകവുമായി കേന്ദ്രീകരിയ്ക്കാവുന്ന എന്തു സാഹിത്യവും ഈണവും ഉപയോഗിച്ച് കൊട്ടിപ്പാടാം. നടയടച്ചു തുറക്കുന്നതുവരെ മാത്രം പാടാന്‍ നിശ്ചയിച്ചിട്ടുള്ളതാണ് ഈ ഗാനരീതി. വിഗ്രഹത്തെ കാണാത്ത ചെറിയ ഇടവേളയില്‍പ്പോലും പുറത്തു തൊഴുതു നില്‍ക്കുന്നവരുടെ മനസില്‍ ഈശ്വര വിചാരവും രൂപവും കാതുകളിലൂടെ നിറയ്ക്കാനാണ് സോപാനഗായകനെ ഏര്‍പ്പാടു ചെയ്തിട്ടുള്ളത്. ഈ ലക്ഷ്യം സാധിയ്ക്കാത്ത ഒരാള്‍ നടയ്ക്കല്‍നിന്നുപാടുന്നത് അശുഭവും വിഫലവുമാകയാല്‍ അതി ഗംഭീരമായ മനോനിയന്ത്രണവും ബ്രഹ്മചര്യവും നിര്‍മമതയും ധ്യാനവും ഉള്ളവര്‍ക്കേ ക്ഷേത്രനടയില്‍ കൊട്ടിപ്പാടാന്‍ അര്‍ഹതയുള്ളൂ. അതല്ലാത്തവര്‍ കൈകാര്യം ചെയ്തതിനാലാണ് സോപാനസംഗീതം ജനമനസുകളില്‍ നിന്നകന്നത്. ഷഡ്കാല ഗോവിന്ദമാരാര്‍ ഒരിയ്ക്കലും ഇടയ്ക്ക കൊട്ടിപ്പാടിയിരുന്ന ഒരാളല്ല. അദ്ദേഹം കര്‍ണാട സംഗീത രീതിയില്‍പാടിയാണ് സ്വാതിസദസിലെത്തുന്നത്. പാടുന്നതോ കേരളീയമല്ലാത്ത അഷ്ടപദിയും!!! തംബുരു ഉപയോഗിയ്ക്കുന്നു എന്നതിനാലാണ് അദ്ദേഹത്തിന്റെ കര്‍ണാടകസംഗീതബന്ധം കാണേണ്ടിവരുന്നത്. കേവലം അവകാശമുന്നയിയ്ക്കുകയെന്ന സ്വാര്‍ഥലക്ഷ്യത്തില്‍ ഈ ഗാനരീതിയിലിടപെട്ട സാമുദായിക വാദികള്‍ ചരിത്രവും ഭൂമിശാസ്ത്രവുമറിയാതെ പറഞ്ഞുവന്ന മണ്ടത്തരങ്ങളില്‍ നിന്നും സോപാനസംഗീതത്തെ രക്ഷിയ്ക്കുകയെന്ന വലിയ ദൌത്യമാണ് ഞെരളത്ത് കലാശ്രമം ഏറ്റെടുത്തിട്ടുള്ളത്. ക്ഷേത്രങ്ങളുടെ അധ:പതനകാലത്ത് ഈ സംഗീത ശാഖയെ കൈകാര്യം ചെയ്ത് മേല്‍പറഞ്ഞരീതിയില്‍ പാടിഫലിപ്പിച്ച് പ്രചരിപ്പിച്ച ഗായകനാണ് ഞെരളത്ത് രാമപ്പൊതുവാള്‍. ക്ഷേത്രത്തിനകത്തും പുറത്തും ഒരേ ധ്യാനത്തോടെ അദ്ദേഹം പാടിയപ്പോള്‍ ഈ ഗാനശാഖ പുനരുജ്ജീവിച്ച് മറ്റൊരുപാടുപേര്‍ക്ക് ഉപാസനയും ജീവിതമാര്‍ഗ്ഗവുമായി തിരിച്ചുവന്നുകൊണ്ടിരിയ്ക്കുകയാണ്.
വീഡിയോ ലിങ്ക്: http://youtu.be/BC9cIpJmPxk
