ഇടത്തുപുറത്ത് കല്യാണിയമ്മ എന്ന അലക്കുകാരി അമ്മ, സൗജന്യമായി വിട്ടുതന്ന 16 സെന്റ് ഭൂമിയും വീടും ഉള്‍പ്പെടുന്ന സ്ഥലത്ത് ട്രസ്റ്റ് നിര്‍മിച്ച സാംസ്കാരിക സമുച്ചയമാണ് ഞെരളത്ത് കലാശ്രമം. 20/2/2009 ന് ക്രിസ്ത്യാനിയും ആസ്ത്രേലിയന്‍ സ്വദേശിയുമായ ഡേവിഡ് സ്റ്റോട്ട് തറക്കല്ലിട്ടു. 2010 മെയ് 6ന് ഇസ്ലാം മതവിശ്വാസിയും മുന്‍ എം.പിയുമായ അബ്ദു സമദ് സമദാനി, ആര്യവേപ്പിന്‍ തൈ നട്ട് ഉല്‍ഘാടനം ചെയ്തു. അന്നുതന്നെ കലാശ്രമത്തിലെ ശ്രീകോവിലില്‍ ഹിന്ദുമതവിശ്വാസിയായ ഡോ:എം.ആര്‍.രാജേഷ് ഞെരളത്തിന്റെ ഇടയ്ക്ക പ്രതിഷ്ഠിച്ചു…ഒരു വാദ്യം പ്രതിഷ്ഠയായുള്ള ലോകത്തിലെ ആദ്യത്തെ ക്ഷേത്രം അങ്ങനെ നിലവില്‍ വന്നു. ഇവിടെ പുലരുന്നത് മനുഷ്യത്വവും പ്രകൃതിസ്നേഹവും മാത്രം…
1996 ആഗസ്ത് 13 ന് ഞെരളത്ത് അന്തരിച്ച ശേഷം അദ്ദേഹത്തിന്റെ സംഗീതവും ജീവിതവും അടുത്ത തലമുറയ്ക്ക് മാതൃകയാകും വിധം പ്രചരിപ്പിയ്ക്കുന്നതിനാവശ്യമായ ഒരു കേന്ദ്രം ഉണ്ടാക്കുമെന്ന് കേരളത്തിലെ സര്‍ക്കാറുകളും പ്രാദേശിക സാംസ്കാരിക പ്രവര്‍ത്തകരും പലതവണ പ്രഖ്യാപനങ്ങള്‍ മാത്രം നടത്തി സമയം കളഞ്ഞു. അങ്ങനെ ആര്‍ക്കും തിരിച്ചുതരാനാവാത്ത വിലപ്പെട്ട 12 വര്‍ഷങ്ങള്‍ നഷ്ടമായി. ഒടുവില്‍ ‘ഞെരളത്തിന്റെ ഇടയ്ക്ക ലേലം ചെയ്ത് ഇതിനൊക്കെയുള്ള പണം കണ്ടെത്തേണ്ടുന്ന ഗതികേടിലാണ് ഞെരളത്തിന്റെ കുടുംബം’ എന്ന വാര്‍ത്ത വന്നപ്പോള്‍ കേരളത്തിനകത്തും പുറത്തുമുള്ള ഏതാനുംപേര്‍ ധനസഹായങ്ങളുമായി മുന്നോട്ടു വന്നു. അതേസമയംതന്നെ ഇടത്തുപുറത്ത് കല്യാണിയമ്മ അവരുടെ ഭൂമിയും കലാശ്രമനിര്‍മാണത്തിനായി വിട്ടുതന്നു. ഇനി സര്‍ക്കാറുകളുടെ വാഗ്ദാനം കാത്തുനില്‍ക്കുന്നതും പ്രസ്താവന മാത്രമായി കഴിയുന്ന പ്രാദേശിക സാംസ്കാരിക പ്രവര്‍ത്തകരെ വിശ്വസിയ്ക്കുന്നതും മണ്ടത്തരമാകും എന്നു മനസിലാക്കി കലാശ്രമ നിര്‍മാണം തുടങ്ങി.
ഞെരളത്തിന്റെ മക്കളായ ആഞ്ജനേയന്‍, ഹരിഗോവിന്ദന്‍, ആനന്ദശിവരാമന്‍ എന്നീ 3പേര്‍ കഠിനാധ്വാനം ചെയ്ത്(അക്ഷരാര്‍ഥത്തില്‍ കല്ലും മണ്ണും മരവും ചുമന്ന്) കലാശ്രമം നിര്‍മിച്ചു. സംഭാവനകളുടെ വരവ് ആദ്യത്തെ 3 മാസത്തോടെ നിലച്ചു. പക്ഷെ ഹരിഗോവിന്ദന്റെ മുഴുവന്‍ സമ്പാദ്യവും നിര്‍മാണത്തിനായി ചെലവഴിച്ചിട്ടും തികയാതെ വന്നപ്പോള്‍ ഹരിഗോവിന്ദന് മാതാപിതാക്കള്‍ നല്‍കിയ 15 സെന്റ് ഭൂമിയുടെ ആധാരം പണയംവെച്ച് മുക്കാല്‍ ഭാഗം പണികളും പൂര്‍ത്തിയാക്കി. അപ്പോഴും ഒരു രസീതുബുക്കുമായി പണപ്പിരിവു നടത്തി നാട്ടുകാരെ ചൂഷണം ചെയ്യുന്ന പരിപാടിയ്ക്ക് കലാശ്രമം പോയിട്ടില്ല. അങ്ങനെ ഞെരളത്തിന്റെ പേരില്‍ ഒരു കാര്യം ചെയ്യുമ്പോള്‍ ഉള്ളവനില്‍നിന്നും ഇല്ലാത്തവനിലേയ്ക്ക് എന്ന തത്വം കൃത്യമായി പരിപാലിച്ചുവരുന്നു. കലാശ്രമത്തില്‍ നടക്കുന്ന ഇടയ്ക്ക, നൃത്തം, പാട്ട് ക്ലാസുകളില്‍ നിന്നും കലാശ്രമം ഒരു രൂപ പോലും വരുമാനമുണ്ടാക്കുന്നില്ല. ഞെരളത്ത് ഹരിഗോവിന്ദന്റെ അധ്വാനഫലം പൂര്‍ണമായും കലാശ്രമത്തിനായി മാറ്റിവെയ്ക്കുക എന്ന നയമാണ് പ്രാവര്‍ത്തികമാക്കി വരുന്നത്.
കലാശ്രമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നേരില്‍ക്കണ്ടവര്‍ ചെറിയ ചെറിയ സഹായങ്ങള്‍ ഇപ്പോഴും ചെയ്തുവരുന്നുമുണ്ട്. ആചാര്യ ഡോ:എം.ആ രാജേഷ്,എടവണ്ണ ബാബു സ്വാമി,സംഗീത സംവിധായകന്‍ രാജാമണി, ചലചിത്ര സംവിധായകന്‍ ലാല്‍ജോസ്, അബ്ദു സമദ് സമദാനി, എം.പി.വീരേന്ദ്രകുമാര്‍, പി.ടി.തോമസ്, വി.ടി.ബല്‍റാം, സിനിമാ താരങ്ങളായ ജഗന്നാഥ വര്‍മ, മാമുക്കോയ, അനൂപ് ചന്ദ്രന്‍, യവനിക ഗോപാലകൃഷ്ണന്‍, ബാബുസ്വാമി, ഗായകന്‍ സന്നിധാനന്ദന്‍, കേരളത്തിലെ മുഴുവന്‍ സോപാനഗായകര്‍, തുടങ്ങി എത്രയോ പ്രമുഖര്‍ കലാശ്രമത്തില്‍ വന്നു കഴിഞ്ഞു. 82 രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ ഇതിനകം കലാശ്രമത്തിലെത്തി. ഒരു കലാരൂപത്തിനെ മാത്രം പ്രചരിപ്പിയ്ക്കാനായി njeralath@yahoo.com എന്ന വെബ്സൈറ്റ് കലാശ്രമത്തിന്റേതായുണ്ട്. ഇപ്പോഴും സര്‍ക്കാറില്‍നിന്നോ ക്ഷേത്രങ്ങളില്‍നിന്നോ രാഷ്ട്രീയസംഘടനകളില്‍ നിന്നോ ഒരു രൂപപോലും കലാശ്രമ നിര്‍മാണത്തിനായി ലഭിച്ചിട്ടില്ല. ശ്രീ. ഉമ്മര്‍ അറയ്ക്കലിന്റെ താത്പര്യത്തില്‍ മങ്കട മണ്ഡലം മുസ്ലീംലീഗ് കമ്മറ്റി തന്ന 10000/ രൂപ ഇവിടെ മറക്കാനാവുന്നതല്ല. പ്രസ്താവനകള്‍ക്കും ചര്‍ച്ചകള്‍ക്കും അപ്പുറം കലാശ്രമത്തിന്റെ പ്രവര്‍ത്തനങ്ങളെ സഹായിയ്ക്കാന്‍ പ്രവര്‍ത്തിയില്‍ നിങ്ങള്‍ക്കെന്തു ചെയ്യാന്‍ കഴിയുമെന്ന് അറിയിയ്ക്കുക. നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും വളരെ സഹിഷ്ണുതയോടെ പരിഗണിയ്ക്കും
കലാശ്രമം എല്ലാക്കാലത്തും ജാതിമതരാഷ്ട്രീയ ചിന്തകള്‍ക്കതീതമായി സോപാനസംഗീതത്തിന്റെ തീര്‍ഥാടനകേന്ദ്രമായും കലാരൂപങ്ങളിലൂടെ മനുഷ്യത്വവും സമാധാനവും പ്രദാനം ചെയ്യുന്ന ഒരു ആശ്രമമായും നിലനില്‍ക്കണം എന്നതാണ് ലക്ഷ്യം. സ്വര്‍ണം വസ്ത്രം, ആഡംബരഗൃഹനിര്‍മാണം, അന്ധവിശ്വാസങ്ങള്‍, മദ്യം, ആഡംബരവിവാഹം,അനാവശ്യ ഉല്‍സവങ്ങള്‍,കപട ആത്മീയത,നെഗറ്റീവ് പൊളിറ്റിക്സ് തുടങ്ങി രാഷ്ട്രത്തിനു നന്‍മ ചെയ്യാത്ത നിരവധി വിഷയങ്ങളില്‍ എത്രയോ ധനവും അധ്വാനവും സമയവും നാമൊക്കെ അറിഞ്ഞും അറിയാതെയും പാഴ്‍ചെലവിട്ടു!!!! ഇനി സ്വന്തം വരുമാനത്തില്‍നിന്നും ഒരു ചെറിയ തുക തന്ന് കലാശ്രമത്തെ സഹായിയ്ക്കാന്‍ നിങ്ങള്‍ക്കും കഴിയും. പ്രത്യേകിച്ച് അധികാരസ്ഥാനങ്ങളൊന്നും മോഹിയ്ക്കാതെ തന്നെ കലാശ്രമത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഒരംഗമായി നില്‍ക്കാന്‍ കഴിയും. ഇത് അടുത്ത തലമുറയ്ക്കുള്ള നിക്ഷേപമായി കരുതുമല്ലൊ.
http://www.youtube.com/watch?v=guWXkxZva_A
എന്ന്
ഞെരളത്ത് ഹരിഗോവിന്ദന്‍
മാനേജിംഗ് ട്രസ്റ്റി
ഫോണ്‍ : 9947910706
