2. തുഞ്ചന്റെ തത്തയുമായി മലയാളപ്പെരുമയുടെ ജില്ലാതല ഉദ്ഘാടനം
വളര്‍ന്നുവരുന്ന തലമുറയ്ക്ക് മാതൃഭാഷാ സ്നേഹം ഉണ്ടാക്കുകയും നിലനിര്‍ത്തുകയും ചെയ്യുകയെന്ന ലക്ഷ്യവുമായി മലയാളപ്പെരുമയെന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഞെരളത്ത് കലാശ്രമത്തില്‍ നടന്നു. ഞെരളത്ത് ഹരിഗോവിന്ദന്‍ നിലവിളക്കു കൊളുത്തിയാണ് പരിപാടിയ്ക്കു തുടക്കം കുറിച്ചത്. പ്രസിദ്ധ കാരിക്കേച്ചറിസ്റ്റും തൃശൂര്‍ സ്വദേശിയുമായ സജീഷ് കുട്ടനെല്ലൂര്‍ സംവിധാനം ചെയ്ത പ്രത്യേക പരിപാടിയാണ് മലയാളപ്പെരുമ. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം തൃശ്ശൂരില്‍ ഒരുമാസം മുമ്പ് സുകുമാര്‍ അഴീക്കോടാണ് നിര്‍വഹിച്ചത്. ഭാഷയുടെ മാതൃത്വം മക്കളുടെ അവകാശമായി തിരിച്ചുപിടിയ്ക്കുകയെന്ന മുദ്രാവാക്യവുമായാണ് സജീഷ് രംഗത്തിറങ്ങിയിട്ടുള്ളത്. കേരളത്തിന്റെ ഗ്രാമ ഗ്രാമാന്തരങ്ങളിലുള്ള ഭാഷാപ്രയോഗവ്യത്യാസങ്ങളിലൂടെയുള്ള ഒരു സരസ സഞ്ചാരമാണ് അവതരണത്തിന്റെ കാതല്‍. എഴുത്തച്ഛന്റെ തത്തയെ രംഗത്തവതരിപ്പിയ്ക്കുന്നതിലൂടെയാണ് ഭാഷാപിതാവിന്റെ മഹത്വം ബോധ്യപ്പെടുത്തിയത്. സുനില്‍അമ്മാടം, ശ്രീധരന്‍പെരിങ്ങോട്, രാജേഷ് അച്യുത്, മായനെച്ചിക്കാട്ടില്‍, ആഞ്ജനേയന്‍ എന്നിവര്‍ സംബന്ധിച്ചു. ഭാഷാപ്രതിജ്ഞയെടുത്തുകൊണ്ടവസാനിച്ച പരിപാടി ‘ഗോഡ്സ് ഓണ്‍ ഹെറിറ്റേജിന്റെ ആഭിമുഖ്യത്തിലാണ് നടത്തിവരുന്നത്. നിലമ്പൂര്‍ ലിറ്റില്‍ഫ്ളവര്‍ സ്കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും പങ്കെടുത്തു. ‘മലയാളപ്പെരുമ’ പരിപാടി സ്വന്തം സ്കൂളുകളില്‍ നടന്നുകാണാന്‍ ആഗ്രഹിയ്ക്കുന്നവര്‍ 9846391755, 9846686890 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടണം.
| Tweet |


