കേരളത്തിന്റെ എന്നല്ല ഒരുപക്ഷെ ഭാരതത്തിന്റെ തന്നെ കലാ ചരിത്രത്തില്‍ ആദ്യമായി നടന്ന സമ്പൂര്‍ണ ഡോക്യുമെന്റേഷന്‍ പദ്ധതിയിലൂടെ ശേഖരിച്ച ഗാനങ്ങളാണ് ഇവിടെ ലഭ്യമാക്കുന്നത്. അതികഠിനമായ സാമ്പത്തിക ഞെരുക്കത്തിനിടയില്‍ കേരളത്തിലെ ഓരോ സോപാനഗായകന്റേയും ഗൃഹം സന്ദര്‍ശിച്ച് വീഡിയോ രൂപത്തില്‍ ഗാനങ്ങളും അഭിപ്രായങ്ങളും ശേഖരിയ്ക്കുക എന്നത് തീര്‍ത്തും അവിശ്വസനീയമായിരുന്നു. ഒരു കലാരൂപം കൈകാര്യം ചെയ്യുന്ന ജീവിച്ചിരിയ്ക്കുന്ന എല്ലാ പ്രായത്തില്‍ പെട്ടവരും സഹകരിച്ചവരുമായ മുഴുവന്‍ ആളുകളേയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പലവിധ പ്രാരാബ്ധങ്ങള്‍ക്കിടയില്‍ ചെയ്തതിനാല്‍ പല പോരായ്മകളും ഇതിനുണ്ട് അവ ക്ഷമിയ്ക്കണമെന്നപേക്ഷിയ്ക്കുന്നു. ഈ കലാരൂപം കൈകാര്യം ചെയ്യുന്നവരേയെല്ലാം ലോകത്തിനു പരിചയപ്പെടുത്തി അവര്‍ക്ക് കൂടുതല്‍ അവസരങ്ങളും വരുമാനവും പ്രശസ്തിയും ഉണ്ടാക്കുവാനും ആസ്വാദകര്‍ക്ക് വിവിധ ആലാപന ശൈലികള്‍ കേട്ട് വിലയിരുത്താനും ഇതിലെ വിവരങ്ങള്‍ ഉപയോഗിയ്ക്കണമെന്നു കൂടി അപേക്ഷിയ്ക്കുന്നു. ഇതില്‍ ഉള്‍പ്പെടാതെ പോയവരെക്കുറിച്ച് അറിവുള്ളവര്‍ അവരുടെ ഗാനങ്ങള്‍ വീഡിയോ റെക്കോഡ് ചെയ്ത് അയച്ചു തരികയോ അവരെ ബന്ധപ്പെടുത്തി തരികയോ ചെയ്യണമെന്നു കൂടി അഭ്യര്‍ഥിയ്ക്കുന്നു. ഇത്തരമൊരു ചരിത്ര പ്രധാന യജ്ഞത്തിനായി ബന്ധപ്പെട്ടപ്പോള്‍ ജാതിയുടെയും പ്രതിഫലത്തിന്റേയും പേരു പറഞ്ഞ് പലരും സഹകരിച്ചില്ലെന്ന സങ്കടം കൂടി ചരിത്രപരമായ അറിവിലേയ്ക്കായി ഇവിടെ രേഖപ്പെടുത്തട്ടെ. കേരളത്തിലാകെ 60(അറുപത്)ല്‍ താഴെ കൊട്ടിപ്പാടിസ്സേവക്കാര്‍ മാത്രമേ നിത്യാപാസകരായി ഈ രംഗത്തുള്ളു. വേദികളില്‍ കാണുന്ന പലരും മറ്റു പല ജോലികളില്‍ നിന്നും വരുമാനമുണ്ടാക്കിയ ശേഷം വെറും വിലകുറഞ്ഞ പ്രശസ്തിയ്ക്കായി നിലകൊള്ളുന്നവരാണ്. ഇത്തരം കള്ളനാണയങ്ങള്‍ മൂലം ഈ കലാരൂപത്തിനു മാത്രമായി ജീവിതം മാറ്റി വെച്ച പല സാധു കലാകാരന്‍മാര്‍ക്കും അവസരം നഷ്ടമാവാതെ സൂക്ഷിയ്ക്കണമെന്നു കൂടി ആസ്വാദകരോട് പ്രത്യേകം ഓര്‍മിപ്പിയ്ക്കുന്നു. സോപാനസംഗീതം മാത്രമായി സജീവ ഉപാസന ചെയ്യുന്ന ഒരു സ്ത്രീകളും കേരളത്തിലില്ല. എല്ലാ ശൈലികള്‍ക്കും ഓരോ കേള്‍വി സുഖമുണ്ടെന്നതിനാല്‍ ഞെരളത്ത് കലാശ്രമം എല്ലാവരേയും ബഹുമാനിയ്ക്കുന്നു. കലാശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ വര്‍ഷം തോറും കേരളത്തിലെ മുഴുവന്‍ സോപാനഗായകരേയും ഉള്‍പ്പെടുത്തി ‘ഞെരളത്ത് രാമപ്പൊതുവാള്‍ സ്മാരക കേരളസംഗീതോല്‍സവം’ നടന്നുവരുന്നു.
ഗായകരുടെ പേരുകള്‍ താഴെ വിവരിയ്ക്കുന്നു
തിരുവനന്തപുരം ജില്ല.
കൊല്ലം ജില്ല
പത്തനംതിട്ട ജില്ല
ആലപ്പുഴ ജില്ല
കോട്ടയം ജില്ല
ഇടുക്കി ജില്ല
എറണാകുളം ജില്ല
തൃശൂര്‍ ജില്ല
മലപ്പുറം ജില്ല
കോഴിക്കോട് ജില്ല
കണ്ണൂര്‍
വയനാട് ജില്ല
കാസര്‍ഗോഡ് ജില്ല
“മത്സരങ്ങളിലൂടെ ആരെയെങ്കിലും തോല്‍പ്പിക്കുവാനോ, ഗിന്നസ് പ്രകടനങ്ങള്‍ പോലെയുള്ള കോമാളിത്തങ്ങളിലൂടെ ആരെയെങ്കിലും മറികടക്കാനോ, പുരസ്കാരങ്ങളും, സ്ഥാനമാനങ്ങളും നേടുവാനോ ഉള്ള ഉപാധിയല്ല കല. കല അവതരിപ്പിക്കുന്നവര്‍ക്ക് മുന്പിലുള്ളവര്‍ക്ക് അതുവരെയില്ലാത്ത സമാധാനവും സന്തോഷവും ശാന്തിയും പ്രദാനം ചെയ്തു ഈശ്വരനെ അനുഭവിക്കുവാനുള്ള അവസരം നല്‍കലാണതിന്റെ ധര്‍മ്മം.ഈശ്വരനെ അനുഭവിക്കുക എന്നാല്‍ മനസ്സ് കുട്ടിയെപ്പോലെ നിഷ്കളങ്കമായി തീരുക എന്നതാണ്. ഒരു മനുഷ്യനില്‍ ജന്മനാ ഉണ്ടായിരുന്ന നിഷ്കളങ്കതയെ മരണം വരെ നിലനിര്‍ത്താനുള്ള പ്രേരക ശക്തിയാണ് കല. കലാപ്രവര്‍ത്തകര്‍ സ്വയം ഈശ്വരന്റെ പ്രതിനിധികള്‍ ആകയാല്‍ അത്രമാത്രം ശ്രദ്ധയോടെ വേണം കലാജീവിതവും വ്യക്തിജീവിതവും നയിക്കുവാന്‍…. ”