Sopana Sangeetham.com, Sopana Sangeetham, Njaralthu, Njeralathu, Njaralathu Hari Govindan, Njeralathu Hari Govindan, Njaralathu Ramapothuvaal, Njeralathu Raamapothuvaal, Njaralathu Kalashramam, Njeralathu Kalashramam, Kalyanippara, Angadippuram, Ashtapathi

ലക്ഷ്യം

ഞെരളത്ത് കലാശ്രമത്തിന്റെ ആരംഭ ലക്ഷ്യം ഞെരളത്ത് രാമഃപ്പാതുവാള്‍ എന്ന ഗായകന്റെ പേരുപയോഗിച്ച്, കൊട്ടിപ്പാടിസ്സേവ എന്നറിയപ്പെടുന്ന സോപാനസംഗീതത്തെ ലോകം മുഴുവന്‍ പ്രചരിപ്പിയ്ക്കുക എന്നതാണ്. ഇതിലൂടെ ഈ കലാരൂപം കൈകാര്യം ചെയ്യുന്നവര്‍ക്ക് നിലയും വിലയും ഉണ്ടാക്കാനും അവര്‍ക്ക് ഈ കലമാത്രം ഉപാസിച്ച് ആത്മവിശ്വാസത്തോടെ ജീവിയ്ക്കുവാനും പ്രേരണ നല്‍കുക എന്ന ലക്ഷ്യം സാധ്യമാകും. കേവലം ക്ഷേത്രത്തിനകത്തെ നാമമാത്രമായ ചടങ്ങുകള്‍ക്കു വേണ്ടി പാടിയിരുന്ന ഈ ഗാനശാഖയെ ജാതി മത രാഷ്ട്രീയ ലിംഗ ദേശ ഭേദമെന്യേയുള്ള വേദികളില്‍ ആവശ്യമുള്ള ഒന്നാക്കി തീര്‍ത്താല്‍ ഈ ലക്ഷ്യം എളുപ്പത്തില്‍ സാധിയ്ക്കാം. പാടുന്നത് എവിടെയായാലും സര്‍‍വ്വേശ്വരന്റെ തിരുനടയിലാണെന്ന ഭാവത്തില്‍ സ്വയം മറന്നുപാടുന്ന ഒരു ആത്മീയ സംഗീതമായി ഈ ഗാനശാഖ മാറണം. അതിന് സകലതിനേയും ഈശ്വരതുല്യം ആദരിയ്ക്കുന്ന വിഭാഗീയതകളില്ലാത്ത മനോഭാവം ശക്തിപ്പെടണം. കലാക്രമവുമായി ബന്ധപ്പെടുന്നവരിലെല്ലാം ഈയൊരു പ്രപഞ്ചക്ഷേമ താല്‍പര്യം വളര്‍ത്തുക, അതിനായി സകല കലകളേയും ഉപയോഗപ്പെടുത്തുക എന്നതാണ് കലാക്രമപ്രവര്‍ത്തനങ്ങളുടെ പരമലക്ഷ്യം. നമുക്കുവേണ്ടി നമുക്കു മുന്‍പുള്ളവര്‍ ജീവിച്ചുവെന്നും നാം ജീവിയ്ക്കുന്നത് അതുപോലെ അടുത്ത തലമുറയ്ക്കു വേണ്ടി കൂടിയാണെന്നുമുള്ള സന്ദേശം പ്രചരിപ്പിയ്ക്കപ്പെടണം. ജാതിയും മതവും മറ്റു വിഭാഗീയതകളുമല്ല നിഷ്കളങ്കമായ ഹൃദയമാണ് ഒരാള്‍ക്ക് കലോപാസകനാകാനുള്ള പ്രധാന യോഗ്യതയെന്നും അതുതന്നെയാണ് മനുഷ്യത്വം എന്നും ബോധ്യപ്പെടുത്തി, മനുഷ്യരായി ജനിച്ച എല്ലാവരേയും മനുഷ്യരായി തന്നെ അഥവാ ദേവതുല്യരായി മരിച്ചു പോകാന്‍ സജ്ജരാക്കുകയാണ് കലാശ്രമത്തിന്റെ ആത്യന്തിക സ്വപ്നം.