Sopana Sangeetham.com, Sopana Sangeetham, Njaralthu, Njeralathu, Njaralathu Hari Govindan, Njeralathu Hari Govindan, Njaralathu Ramapothuvaal, Njeralathu Raamapothuvaal, Njaralathu Kalashramam, Njeralathu Kalashramam, Kalyanippara, Angadippuram, Ashtapathi

ഞെരളത്ത് ഹരിഗോവിന്ദന്‍

1975 ജൂലൈ 3ന് മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്ത് ജനിച്ചു. സുപ്രസിദ്ധ സോപാനഗായകനും കേരളത്തിന്റെ അഭിമാനവുമായ ഞെരളത്ത് രാമപ്പൊതുവാളാണ് പിതാവും ഗുരുവും. അമ്മ കൊല്ലീരി ലക്ഷ്മിക്കുട്ടിയമ്മ. ഭാര്യ മായ. മകള്‍ ശ്രീലക്ഷ്മി. മലയാളത്തില്‍ ഫസ്റ്റ് ക്ലാസോടെ ബി.എഡ് ബിരുദം. 1996 ല്‍ പിതാവിന്റെ അന്ത്യത്തിനു ശേഷം സോപാനസംഗീതാവതരണം തുടങ്ങി. 2011 ജൂണ്‍ കഴിയുമ്പോഴേയ്ക്കും 3300ല്‍ പരം വേദികളില്‍ സോപാനസംഗീതമെന്ന കൊട്ടിപ്പാടിസേവ അവതരിപ്പിച്ചു. ലോകപ്രസിദ്ധ ഡ്രംസ് മാന്ത്രികന്‍ ശിവമണി, വയലിന്‍ രാജകുമാരന്‍ ബാലഭാസ്കര്‍, ഇടയ്ക്കാ മാന്ത്രികന്‍ സുബ്രഹ്മണ്യന്‍ പെരിങ്ങോട് തുടങ്ങിയ പ്രമുഖര്‍ക്കൊപ്പം ഹരി സോപാനസംഗീതവുമായി കൂടിച്ചേര്‍ന്നു. യതിബാക്കി എന്ന കഥാസമാഹാരം, കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച ‘കേരളസംഗീതം കേട്ടതും കേള്‍ക്കേണ്ടതും’,കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച’കേരളീയ വാദ്യകല’ എന്നീ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. പിതാവിന്റെ ജീവിതാനുഭവങ്ങളെ അടിസ്ഥാനമാക്കി ഒരു തിരക്കഥയും കൈയെഴുത്തുപ്രതിയായി തയ്യാറാക്കി. ആനുകാലിക കലാ പ്രശ്നങ്ങളെക്കുറിച്ച് ലേഖനങ്ങളെഴുതി. കേരളീയമായ സകല ഗ്രാമീണഗാനങ്ങളുടെയും ആകെത്തുകയാണ് ‘കേരളസംഗീതം’ എന്ന് സമര്‍ത്ഥിച്ചു. ‘മികച്ച മലയാളി’ ഉള്‍പ്പെടെ 7 വ്യത്യസ്ത അവാര്‍ഡുകള്‍ ഹരിയ്ക്കു ലഭിച്ചു കഴിഞ്ഞു.

കേരളത്തിലെ ക്ഷേത്രങ്ങളില്‍ ഒരു വിഭാഗം ആളുകള്‍ക്ക് മാത്രം പ്രാപ്യമായിരുന്ന ഒരു സംഗീതത്തെ ജാതി മത ഭേദമന്യേയുള്ള വേദികളിലവതരിപ്പിയ്ക്കാന്‍ പിതാവില്‍ നിന്നു കിട്ടിയ മാതൃക കൂടുതല്‍ ഫലപ്രദമായി വിനിയോഗിച്ചു എന്നതാണ് ഞെരളത്ത് ഹരിഗോവിന്ദന്റെ വലിയ സംഭാവന. വന്ദേമാതരം സോപാനശൈലിയിലവതരിപ്പിച്ച് മലയാളിയുടെ ഗാനവൈഭവം വടക്കേ ഇന്ത്യയിലുടനീളം ഹരി എത്തിച്ചു. റമളാന്‍ ഗീതം ഇടയ്ക്കകൊട്ടി പാടിയതിന്റെ പേരിലും മുസ്ലീം പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിഭാഗം ആളുകള്‍ക്കും ഇടയ്ക്ക വാദ്യം തൊടാനും പഠിയ്ക്കാനും ഉപാധിയുണ്ടാക്കിയതിന്റെ പേരിലും വധഭീഷണിവരെ ഹരി നേരിട്ടു. ഇത്തരം പ്രവൃത്തികളിലൂടെ കലയുടെ മാനവീകമൂല്യങ്ങളെ ഉയര്‍ത്തിപ്പിടിയ്ക്കുക മാത്രം ചെയ്ത ഹരി ഒരു സംഘടനയുടെ പോലും ബലമില്ലാതെ ഒറ്റയ്ക്കു പോരാടുകയാണ്.

കേരളത്തിലെ മുഴുവന്‍ സോപാനഗായകരുടെയും ആലാപനങ്ങള്‍ ഡോക്യുമെന്റ് ചെയ്ത് അടുത്ത തലമുറയ്ക്കായി സൂക്ഷിയ്ക്കുന്ന കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ കലാസംരക്ഷണ പദ്ധതി ഹരി നടപ്പാക്കി. സോപാനസംഗീതത്തിനു മാത്രമായി സോപാനസംഗീതം.കോം എന്ന വെബ്സൈറ്റ് രൂപീകരിച്ച് ഈ കലയെ ലോകശ്രദ്ധയിലെത്തിച്ചു. സോപാനസംഗീതത്തെ ആദ്യമായി ഭാരതത്തിനു പുറത്ത് അവതരിപ്പിച്ചത് ഹരിഗോവിന്ദനാണ്. സോപാനസംഗീതത്തെ കേരളത്തിലെ സാംസ്കാരിക അരങ്ങുകളിലെ പ്രാര്‍ത്ഥനാ ഗീതമാക്കി പ്രതിഷ്ഠിച്ചെടുത്തതിലൂടെ ഈ കലാ രംഗത്തെ ആളുകള്‍ക്ക് പുത്തന്‍ വേദികള്‍ ഹരി തുറന്നു കൊടുത്തു. രാഷ്ട്രീയ കക്ഷികളുടെയും സര്‍വ മതങ്ങളുടെയും ചടങ്ങുകളില്‍ ഹരി സോപാനസംഗീതത്തിന് സ്ഥാനമുണ്ടാക്കി; കേരളത്തിന്റെ വലിയ ശ്രദ്ധ ഈ കലാരൂപത്തിനു നേടിക്കൊടുത്തു. പ്രകൃതി സ്തുതികള്‍ സ്വന്തമായി രചിച്ച് സോപാനസംഗീതത്തിലുള്‍പ്പെടുത്തി സോപാനസംഗീതത്തെ പ്രകൃതിരക്ഷാഗീതമാക്കി മാറ്റാനും ഹരിയ്ക്കു കഴിഞ്ഞു. എഴുത്തച്ഛന്‍, അയ്യപ്പപണിയ്ക്കര്‍, ഇടപ്പള്ളി, ഒ.എന്‍.വി, സുഗതകുമാരി, പി.കുഞ്ഞിരാമന്‍നായര്‍, വയലാര്‍ തുടങ്ങിയവരുടെ കൃതികള്‍ ഇടയ്ക്ക കൊട്ടിപ്പാടി. കേരളത്തിനു പുറത്തു നിന്നു വന്ന ജയദേവ ഗീതങ്ങള്‍ക്കൊപ്പം കേരളീയമായ കൃതികള്‍ക്ക് സോപാനസംഗീതത്തില്‍ പ്രാധാന്യം വേണമെന്ന വാദം പ്രവൃത്തിയില്‍ കൊണ്ടുവന്നു. കലാരംഗത്തെ സാമുദായികത, വിലകുറഞ്ഞ കിട മല്‍സരങ്ങള്‍ എന്നിവയ്ക്കെതിരെ മുഖം നോക്കാതെ ആഞ്ഞടിച്ചു. ‘അടയാളങ്ങള്‍’ എന്ന സിനിമയില്‍ പാടി അഭിനയിച്ചു. 5 തരം ഓഡിയോ, സീ.ഡി.കള്‍ ഹരിയുടേതായി ഇറങ്ങിയിട്ടുണ്ട്.

2010ല്‍, ഇടയ്ക്കയിടുന്ന സ്വന്തം ചുമലില്‍ കല്ലും മണ്ണും ചുമന്ന് ഹരി ഉണ്ടാക്കിയ ‘ഞെരളത്ത് കലാശ്രമം’ കേരളത്തിലെ, സര്‍ക്കാര്‍ സഹായമില്ലാതെയും രസീതു ബുക്കടിച്ച് പിരിവു നടത്താതെയും നിര്‍മിച്ച ആദ്യത്തേതും അത്ഭുതകരവുമായ സാംസ്കാരിക സമുച്ചയമാണ്. ഇവിടെയാണ് ഞെരളത്തുപയോഗിച്ച ഇടയ്ക്ക വിഗ്രഹമായുള്ള (ലോകത്തിലെ വാദ്യപ്രതിഷ്ഠയുള്ള ആദ്യ ക്ഷേത്രം) ക്ഷേത്രം ഉള്ളത്.ജാതിമതഭേദമന്യേ ആര്‍ക്കും അകത്തു കടക്കാമെന്ന പ്രത്യേകത കൂടി ഈ ക്ഷേത്രത്തിനുണ്ട്. കേരളത്തിലെ ഏക സോപാനസംഗീത തീര്‍ഥാടന കേന്ദ്രം കൂടിയായ ഇവിടെ ഒറ്റ വര്‍ഷത്തിനകം 80ല്‍പരം വിദേശ രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ എത്തിക്കഴിഞ്ഞു. കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ കേരളീയ വാദ്യകലാ ശേഖരവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇവ സ്കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍ക്ക് ഏറെ ഉപകാരമാകുന്നു. തന്റെ 35 വയസിനിടയ്ക്ക് കേരളത്തിലെ മറ്റൊരു കേരളീയ കലാകാരനും ചെയ്തു തീര്‍ക്കാനാവാത്ത കാര്യങ്ങളാണ് ഞെരളത്ത് ഹരിഗോവിന്ദന്‍ ചെയ്തു തീര്‍ത്തത്. സ്വന്തം വരുമാനം പൂര്‍ണമായും മാറ്റിവെച്ചും വീടിന്റെ ആധാരം ഇപ്പോഴും പണയത്തിലാക്കിയും ഹരി ചെയ്ത സാംസ്കാരിക വിപ്ലവം പിതാവിന്റെയും കേരളത്തിന്റെയും മഹത്വത്തെ നിലനിര്‍ത്തുന്നതാണ്.

പഠിച്ച കലയെ അതേപടി പ്രയോഗിച്ച് പ്രത്യേകിച്ചൊരു ഇടപെടലോ കലാ സംഭാവനയോ നല്‍കാതെ സ്വന്തം കലാപ്രകടനം കൊണ്ട് കുടുംബ വരുമാനം വര്‍ധിപ്പിയ്ക്കുകയും രാജ്യത്തിനായി ഒന്നും ചെയ്യാതിരിയ്ക്കുകയും ചെയ്തവര്‍ക്ക് ലഭിച്ച പുരസ്കാരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പത്മശ്രീ ജേതാവാകുന്നതിനു വരേ അര്‍ഹത നല്‍കുന്ന വലിയ പ്രവര്‍ത്തനമാണ് ഈ ചെറു പ്രായത്തില്‍ ഹരി ചെയ്തത്. കലാലയങ്ങളിലുടെ കേരളീയ സംഗീതത്തിനും വാദ്യസംഗീതത്തിനും ഏറെ പ്രചാരം നല്‍കുന്ന ഹരി യുവകലാപ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമായിരിയ്ക്കുന്ന മദ്യപാനംപോലുള്ള യാതൊരു ദുശ്ശീലങ്ങളുമില്ലാത്ത കലാകാരനാണ് എന്നത് എടുത്തു പറയേണ്ടത് കാലഘട്ടത്തിനു മാതൃകയാണ്. കേരളത്തിന്റെ യുവതലമുറയില്‍ അഭിമാനബോധവും തൊഴില്‍ സാധ്യതകളും ഉണ്ടാക്കുകയും ചെയ്തു എന്നത് വലിയ കാര്യമായി കാണാതെ തന്റെ ധര്‍മം നിര്‍വഹിച്ചു എന്നു വിനയാന്വിതനാവുകയും സര്‍വോപരി കലയുടെ മഹത്വത്തെ മനുഷ്യത്വ പ്രചാരണത്തിനും പ്രകൃതിരക്ഷയ്ക്കും ഉപയോഗിയ്ക്കുകയും ചെയ്യുന്ന കേരളത്തിലെ ഏക കലാകാരനാണ് ഞെരളത്ത് ഹരിഗോവിന്ദന്‍. ‘പാട്ടു പാടുന്നവന്‍’ എന്ന അര്‍ത്ഥത്തില്‍ ‘പാണന്‍’ എന്നറിയപ്പെടാനാണ് തനിയ്ക്കഭിമാനം എന്ന് സുധീരം പറഞ്ഞ ഹരിഗോവിന്ദന്‍ സാമൂഹ്യമായ വലിയ പ്രതിബദ്ധതയും രാഷ്ട്രീയ ബോധവല്‍ക്കരണവുമാണ് പാട്ടും എഴുത്തും പ്രസംഗവും മാധ്യമമാക്കി ഒരു ഗാനശാഖയിലൂടെ നിറവേറ്റിവരുന്നത്.

തയ്യാറാക്കിയത്: പി.മുരളീമോഹന്‍